കോഴിക്കോട് : ഹണിട്രാപ്പൊരുക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്തെടുത്തശേഷം പണത്തിനായി ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ഇൻറർനെറ്റിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ.
കഴിഞ്ഞ ദിവസം മീഞ്ചന്ത സ്വദേശിയായ യുവാവിനെ ഇത്തരത്തിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അയ്യായിരം രൂപ തട്ടിയെടുത്തു. ഫേസ്ബുക്കിൽ വിഡിയോ കാണവേ മെസഞ്ചർ വഴി മെസേജുകൾ അയച്ചായിരുന്നു തുടക്കം. തുടർന്ന് സ്ത്രീയുടെ ഫോട്ടോ അയക്കുകയും വിഡിയോ കാളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. വിഡിയോ കാൾ അവസാനിപ്പിച്ചപാടെ യുവാവിന്റെ നഗ്നദൃശ്യങ്ങൾ മെസഞ്ചറിൽ അയച്ചതോടെയാണ് അമളി പിടികിട്ടിയത്. മണിക്കൂറുകൾക്കകം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം അയച്ചുനൽകി പണം അയക്കാനാവശ്യപ്പെടുകയായിരുന്നു.
പണം നൽകില്ലെന്നറിയിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇൻറർനെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നത്. ഇതോടെ ബംഗളൂരുവിലുള്ള സുഹൃത്ത് വഴി അയ്യായിരം രൂപ സംഘത്തിന് അയച്ചുനൽകി. ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. സ്ത്രീയുടെ വസ്ത്രധാരണമടക്കം ആ രീതിയിലുള്ളതായിരുന്നു. ഹൈദരാബാദിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്. അപമാനം ഭയന്ന് പുറത്തുപറയാതിരുന്ന യുവാവിന് വീണ്ടും പണമാവശ്യപ്പെട്ടുള്ള ഭീഷണി വന്നുതുടങ്ങിയതോടെ ൈസബർ സെല്ലിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ പേർ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കിരയായതായാണ് ൈസബർ സെൽ അധികൃതർതന്നെ പറയുന്നത്. വൻതുക പലർക്കും നഷ്ടമായിട്ടുണ്ട്. മുൻപരിചയമില്ലാത്ത ആരുമായും ചാറ്റിങ് നടത്തരുതെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.