കണ്ണൂര്‍ : കണ്ണൂര്‍ സ്പെഷല്‍ സബ് ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് പ്രഖ്യാപനം നടത്തിയത്. ജയിലില്‍ നടന്ന ചടങ്ങില്‍ മത്സ്യകൃഷി പദ്ധതിയും ഉത്ഘാടനം ചെയ്തു.
കൃഷിയിലൂടെ സ്വയം പര്യാപ്തത കൈവരിക്കുകയും ജയില്‍ പരിസരം മാലിന്യമുക്തമാക്കുകയും ചെയ്തതോടെയാണ് സ്പെഷല്‍ സബ് ജയിലിന് ഹരിത ജയില്‍ പദവി ലഭിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
അതിമനോനോഹരമായ ഒരു പച്ച തുരുത്താണ് ഇന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍.മാലിന്യത്തിന്റെ ഒരംശം പോലും എങ്ങും കാണാനില്ല.ജയില്‍ അങ്കണം നിറയെ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികളും പഴങ്ങളും. ജയില്‍ ജീവനക്കാരുടെയും തടവ്കാരുടെരുടെയും നിതാന്ത പരിശ്രമം കൊണ്ടാണ് സംസ്ഥാനത്തെ ആദ്യ ഹരിത ജയില്‍ എന്ന പദവി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സ്വന്തമാക്കിയത്
കഥാകാരന്‍ ടി പത്മനാഭന്‍ അദ്ദേഹത്തിന്‍റെ ശേഖരത്തില്‍ നിന്നും നൂറിലേറെ പുസ്തകങ്ങള്‍ ജയില്‍ ലൈബ്രറിക്കായി കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലും പുസ്തകങ്ങള്‍ നല്‍കി. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ജയിലിലെ പദ്ധതികള്‍.