കോലാര്‍ : അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന വധുവിന്റെ ആവശ്യപ്രകാരം ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത വരന്‍ ഉമാപതി ഒടുവില്‍ അറസ്റ്റിലായി. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതാണ് അറസ്റ്റിന് കാരണമായത്.
മേയ് 7ന് കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ട് വെക്കുകയായിരുന്നു.
സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരിക്കും മുഴുവന്‍ സമയവും. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു. ലളിതയുടെ ആവശ്യം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. തുടര്‍ന്ന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു.
പിന്നീട് വിവാഹത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു.