തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ച വരുമുണ്ടാകാം. എത്ര ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്. അത്തരത്തില്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. അമിനോ അസിഡുകള്‍ ധാരാളം അടങ്ങിയ ഉലുവ താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
ഇതിനായി ആദ്യം ഉലുവ കുതിര്‍ക്കാന്‍ ഇടുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി വളരാനും സഹായിക്കും.
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് തലമുടി വളരാൻ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും സഹായിക്കും.