ഹൈദരാബാദ് : ചൈനീസ് അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ തെലങ്കാനയിലെ സുര്യപേട്ടിൽ പൂര്‍ത്തിയായി. പ്രത്യേക വിമാനത്തില്‍ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അടമ്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകളാണ് വീട്ടുവളപ്പിൽ നടക്കുന്ന സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. ഡല്‍ഹിയിൽ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടുബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണൽ സന്തോഷ് ബാബു. വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുളളിൽ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോൺ വിളിയിൽ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്. ഇനി ഒപ്പമുണ്ടാകില്ലെങ്കിലും അഭിമാനമാനെന്നാണ് സന്തോഷ് ബാബുവിന്റെ അമ്മയുടെ പ്രതികരണം. ധീരനെങ്കിലും ശാന്തനായിരുന്നു കേണൽ സന്തോഷ് ബാബുവെന്ന് കൂട്ടുകാരും പറയുന്നു.
ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇന്ത്യൻ സംഘം പട്രോളിംഗിനായി അതിർത്തിയിൽ എത്തിയത്. 50 സൈനികർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ചൈനീസ് സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ചൈനീസ് സംഘം ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ സൈനികർ സ്ഥലത്തെത്തി. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചായിരുന്നു ചൈനയുടെ പ്രകോപനം.