കണ്ണൂര്‍ : കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു കോഴിക്കടയില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
എറണാകുളം തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയതോടെയായിരിന്നു ആ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇതേതുടര്‍ന്ന് സംഭവത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായി. തൃക്കാക്കര നഗരസഭയോട് തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് ഈ കൊടും ക്രൂരത നടന്നത്. വെട്ടേറ്റ് റോഡിലൂടെ അവശ നിലയില്‍ ഓടുന്ന നായയെ നാട്ടുകാരാണ് ആദ്യം കണ്ടത്. അധികം വൈകാതെ തന്നെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജീവനക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇതോടെ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.