കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലുള്ള 0484 എയ്റോ ലോഞ്ചിലെ അതിഥി മുറികൾ പ്രവർത്തനസജ്ജമായി. നാളെ മുതൽ യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ മുറികൾ ലഭ്യമാകും. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാം. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണ് കൊച്ചി വിമാനത്താവളത്തിലേത്. ഗസ്റ്റ് റൂമുകളും കോൺഫറൻസ് ഹാളും ജിമ്മും സ്പായും അടക്കം നൂതന സൗകര്യങ്ങളോട് കൂടി ലോഞ്ചിതാ ഒരുങ്ങി കഴിഞ്ഞു. വിമാനത്താവളത്തിനുള്ളിൽ എന്നാൽ സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര – അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
കുറഞ്ഞ ചിലവിൽ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാൽ നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലെത്തിയാൽ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ – വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം. ചുറ്റും കേരള തനിമ വിളിച്ചോതുന്ന കലാ സൃഷ്ടികളുമുണ്ട്. എറണാകുളത്തിന്‍റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് 0484 എന്ന പേര് നൽകിയത്. 0484-3053484, 7306432642, 7306432643 എന്നീ നമ്പറുകളിൽ വിളിച്ചോ [email protected] എന്ന ഇ മെയിലിലോ ബുക്ക് ചെയ്യാം. www.0484aerolounge.com എന്ന വെബ്സൈറ്റിൽ നിന്ന് കൂുതൽ വിവരങ്ങൾ ലഭിക്കും.