കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്. തൃശൂര്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ തൃശൂര്‍ സ്വദേശിയായ 75 കാരനായ ബിസിനസുകാരനാണ് സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിനിരയായത്. മുംബൈയിലെ ഫെഡ്എക്‌സ് കൊറിയേഴ്‌സ് എന്ന സ്ഥാപനത്തിലെ അജയ്കുമാര്‍ എന്നയാളാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്.
റഷ്യയിലേയ്ക്ക് കൊണ്ടുപോകാന്‍ ഇരയായ വയോധികന്റെ പേരില്‍ ബുക്ക് ചെയ്ത പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്നും കസ്റ്റംസ് തടഞ്ഞെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മുംബൈ പോലീസിന്റെ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്ന് പറഞ്ഞ് ഫോണ്‍ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് തന്റെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും മാറ്റാന്‍ നിര്‍ദേശം നല്‍കി. ജൂലൈ 22നും 24 നും ഇടയില്‍ ഇരയായ വ്യക്തി 1.04 കോടി രൂപ ഇത്തരത്തില്‍ കൈമാറി. പിറ്റേന്നാണ് വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതര സംസ്ഥാനങ്ങളുമായുള്ള ബന്ധവും രാജ്യത്തുടനീളമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ആദ്യം കേസ് അന്വേഷിച്ചത്. തൃശൂര്‍ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരുന്നു. അധികാര പരിധിയിലെ പരിമിതികള്‍ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. പണം കൈമാറിയ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസാണിത്. സംസ്ഥാനത്ത് സമാനമായ സൈബര്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച ഫണ്ടുകള്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.