അഹമ്മദാബാദ്: ഗുജറാത്തില്‍ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയും ക്വാറന്‍റീനില്‍ പ്രവേശിച്ചു. കൊവിഡ് ബാധിതനായ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ക്വാറന്‍റീനില്‍ പ്രവേശിച്ചത്. ഗുജറാത്തില്‍ ഇനി യോഗങ്ങളെല്ലാം വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും. ഔദ്യോഗിക വസതികളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
രോഗം പടര്‍ന്ന് പിടിക്കുന്ന അഹമ്മദാബാദിലെ ചിലയിടങ്ങളില്‍ ഏപ്രില്‍ 21വരെ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് നേതാവും സ്ഥലം എംഎല്‍എയായ ഇമ്രാന്‍ ഖേദ്‍വാലയും മറ്റ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്.
കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന എംഎല്‍എ സാമ്പിള്‍ പരിശോധാഫലം കാത്തിരിക്കേയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലടക്കമുള്ളവര്‍ യോഗത്തിനുണ്ടായിരുന്നു. ആരും മാസ്കും ധരിച്ചിരുന്നില്ല. പിന്നീട് വൈകീട്ടോടെ എംഎല്‍എയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
എംഎല്‍എയുമായി വളരെ ദൂരം മാറിയാണ് മന്ത്രിമാര്‍ ഇരുന്നതെന്നും രോഗബാധയുണ്ടാവാന്‍ സാധ്യത കുറവാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാലും യോഗത്തിനെത്തിയവരെല്ലാം ക്വാറന്‍റീനില്‍ പോവാന്‍ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അടക്കം സാമ്പിളുകള്‍ പരിശോധനക്ക് അയക്കും. ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ രോഗികളെ മതം നോക്കി വാര്‍ഡുകള്‍ തിരിക്കുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞെങ്കിലും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഇത് നിഷേധിച്ചു.