ദോഹ: അറേബ്യൻ ഗൾഫിലെ ഫുട്ബോൾ കിരീട പ്രതീക്ഷയുമായി ഖത്തർ ഇന്നിറങ്ങും. കുവൈത്തിൽ ഇന്ന് കിക്കോഫ് കുറിക്കുന്ന ഗൾഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഖത്തർ യു.എ.ഇ യെ നേരിടും. ഇന്ന് രാത്രി 10.30ന് സുലൈബികാത് ജാബിർ അൽ അഹ്മദ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യു.എ.ഇയുമായി അടുത്തിടെ നിർണായക മത്സരങ്ങൾ കളിച്ചതിനു പിറകെയാണ് ഇരു ടീമുകളും വീണ്ടും മുഖാമുഖമെത്തുന്നത്. പുതിയ പരിശീലകനായി നിയമിക്കപ്പെട്ട ലൂയി ഗാർഷ്യക്കു കീഴിൽ ഖത്തറിന്റെ ആദ്യ മത്സരമാണിത്. മാർക്വേസ് ലോപ്പസിനെ ഒഴിവാക്കി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ സഹായിയായ ലൂയി ഗാർഷ്യയെ ദേശീയ ടീം പരിശീലകനായി നിയമിച്ചത്.
ഡിസംബർ 12ന് ദോഹയിൽ ആരംഭിച്ച പരിശീലന ക്യാമ്പിനു ശേഷം വ്യാഴാഴ്ചയോടെ ഖത്തർ ടീം കുവൈത്തിലെത്തിയിരുന്നു. മൂന്ന് ഗോൾകീപ്പർമാർ ഉൾപ്പെടെ 26 അംഗ സംഘത്തെയും കോച്ച് പ്രഖ്യാപിച്ചു. ഗ്രൂപ്പ് ‘എ’യിൽ ആതിഥേയരായ കുവൈത്തിനും ഒമാനുമൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. രണ്ടു തവണ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ 2014നു ശേഷം ആദ്യ ഗൾഫ് കപ്പ് കിരീടം എന്ന ലക്ഷ്യവുമായാണ് മത്സരത്തിനിറങ്ങുന്നത്. 1992, 2004, 2014 വർഷങ്ങളിലായിരുന്നു ടീം കിരീടമണിഞ്ഞത്. അതിന് ശേഷം, ഫൈനലിൽ പോലും എത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു തവണയും ടീം സെമിയിൽ പുറത്താവുകയായിരുന്നു. ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ നിരവധി മാറ്റങ്ങളുമായാണ് ഖത്തർ ഇത്തവണ കളിക്കാനിറങ്ങുന്നത്. എഡ്മിൽസൺ ജൂനിയർ, അബ്ദുൽകരീം ഹസൻ, ബൗലം ഖൗകി, അബ്ദുൽ അസിസ് ഹാതിം എന്നിവരെ ഒഴിവാക്കിയപ്പോൾ പുതുമുഖ താരങ്ങൾ ഇടം പിടിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യു.എ.ഇക്കെതിരെ 1-3നും, 0-5നും ഖത്തർ തോൽവി വഴങ്ങുകയായിരുന്നു. 24ന് ഒമാനും, 27ന് കുവൈത്തിനുമെതിരെയാണ് ഖത്തറിന്റെ മറ്റു മത്സരങ്ങൾ. ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമിയിൽ ഇടം പിടിക്കാം.