ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ സ്വീകരിക്കാനാകില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താക്കള്‍ പറയുന്നത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും അതിനായി പ്രത്യേക വിമാനം അയക്കുക എന്ന കാര്യം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ പ്രവാസികളുടെ പരാതികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.