ന്യൂഡല്‍ഹി: 53 രാജ്യങ്ങളിലായി ഇതുവരെ 3,336 ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്നും ഇതില്‍ 25 പേര്‍ക്ക് ജീവന് നഷ്ടമായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതി ഗുരുതരമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കല്‍ സാധ്യമല്ല.
വൈറസ് വ്യാപനം തടയാന്‍ ബൃഹത്തായ പദ്ധതികള്‍ ആവിഷ്കരിച്ച സാഹചര്യത്തില്‍ ഈ തീരുമാനം മാറ്റാനുമാവില്ല. അതിനിടെ വാണിജ്യാടിസ്ഥാനത്തില്‍ 55 രാജ്യങ്ങള്‍ക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. രാജ്യത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കെ ഈ മരുന്നിന്റെ കയറ്റുമതിക്ക് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. തുടര്‍ന്ന് ചുരുക്കം ചില രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതിക്ക് അനുമതിയും നല്കി. മതിയായ സ്റ്റോക്ക് ഉള്ളതിനാല്‍ മരുന്ന് കയറ്റുമതി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.