തിരുവനന്തപുരം; പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വകീരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാവസികള്‍ തിരിച്ച് വരുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും ഉറപ്പ് വരുത്താന്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ഇന്ന് യോഗം ചേരുകയും നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പേര്‍ എത്തുക. വരുന്ന യാത്രക്കാരുടെ വിവരം വിമാനം അവിടെ നിന്ന് പുറപ്പെടുന്നിന് മുന്‍പ് ലഭ്യമാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിക്കും
ആരോഗ്യവകുപ്പിന്റേയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും പോലീസിന്റെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാവും. ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഇതിന് വേണ്ടി നിയോഗിക്കം. വേണ്ടത്ര കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തിക്കും തിരക്കുമില്ലാതെ സുഗമമായി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ക്രമീകരണത്തിന് പോലീസിനെ ചുമതലപ്പെടുത്തും. ഓരോ വിമാനത്താവളത്തിന്റെ പരിധിയില്‍ വരുന്ന ജില്ലകളില്‍ ക്വാറന്റൈന്‍ ചെയ്യുന്നവരെ കൃത്യമായ നിരീക്ഷിക്കണം. നിരീക്ഷണത്തിന്റെ മേൽനോട്ടം ഡിഐജിക്കാണ്. രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. അവരെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് വീടുകളില്‍ എത്തിക്കുന്നത് പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും ആവശ്യമായ സൗകര്യവും ക്രമീകരണവും ഉണ്ടാവും.ടെലി മെഡിസിന്‍ സൗകര്യവും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരങ്ങള്‍ ശേഖരിക്കും. പോലീസും തദ്ദേശവകുപ്പും പങ്കാളികളാകും.
വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ പറ്റാത്ത ആളുകൾ ഉണ്ടാകും. ഇവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ കഴിയാം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ സർക്കാർ തന്നെ ക്വാറന്റീൻ കേന്ദ്രത്തിൽ കണ്ടുപോകും. അവരുടെ ലെഗേജ് വിമാനത്താവളത്തിൽ നിന്ന് വീടുകളിൽ എത്തിക്കേണ്ട ചുമതല സർക്കാർ ഏറ്റെടുക്കും. ഓരോ വിമനത്താവളത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എയർപോർട് അധികൃതരും ഉൾപ്പെട്ട കൺട്രോൾ റൂം പ്രവർത്തിക്കും. പ്രവാസിളെ താമസിപ്പിക്കുന്നതിന് എയർപോർട്ടുകൾക്ക് സമീപം ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കും. ആശുപത്രികൾ ഇപ്പോൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കടൽമാർഗം പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറായാൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും സജ്ജീകരണങ്ങൾ ഒരുക്കും. ഇതുവരെ രണ്ടരലക്ഷത്തിലധികം പേരാണ് നോർക്ക റൂട്സ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 150 പരം രാജ്യങ്ങളിൽ നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെയെല്ലാം വിവര ശേഖരണ ചുമതല നോർക്ക റൂട്സിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.