അബുദാബി : വായു ശുദ്ധീകരണത്തിനുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ തുറന്നു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ് ടവറിന്റെ പ്രവർത്തനം. അബുദാബിയിൽ കൂടുതലിടങ്ങളിൽ ടവർ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ വ്യക്തമാക്കി. മോഡോൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പദ്ധതി. അബുദാബിയിലെ വായുഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി ഏജൻസി വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി പറഞ്ഞു.
കൂടുതൽ ആളുകളെത്തുന്ന സ്ഥലമായതിനാലാണ് ഹുദൈരിയാത്ത് ദ്വീപിൽ ആദ്യടവർ സ്ഥാപിച്ചത്. വായു മലിനീകരണത്തെക്കുറിച്ച് ആകുലപ്പെടാതെ ആളുകൾക്ക് പുറത്തേക്കിറങ്ങാനും കൂടുതൽസമയം പ്രദേശത്ത് ചെലവഴിക്കാനുമാകുമെന്ന് പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ശൈഖ അൽ ദഹേരി പറഞ്ഞു .