കോട്ടയം : ഗുണ്ടാ ആക്രമണത്തില്‍ ഏറ്റുമാനൂര്‍ സ്വദേശികളായ യുവാക്കള്‍ക്ക് വെട്ടേറ്റു. കോട്ടയം ചന്തയ്ക്കുള്ളിലെ ലോഡ്ജിനു സമീപം ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ പത്തിലേറെ വരുന്ന സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടില്‍കയറി ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു.
സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു യുവാവും ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു.
ആക്രമണത്തിനിരയായ നാലംഗസംഘം ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. രാത്രി പത്തോടെ കാറിലും ബൈക്കിലുമായെത്തിയ പത്തിലേറെ വരുന്ന സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടില്‍കയറി ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അക്രമിസംഘം കാറില്‍ രക്ഷപെട്ടു. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
കോട്ടയം പൊന്‍കുന്നം സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശി ഷിനുവുമാണ് ആക്രമണത്തില്‍നിന്നു കഷ്ടിച്ച് രക്ഷപെട്ടത്. പരിക്കേറ്റവര്‍ സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നുമാണ് പറഞ്ഞത്. എന്നാല്‍ വീട് വാടകയ്‌ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്ന് കെട്ടിട ഉടമ പറയുന്നു.