കോന്നി : മൃഗവേട്ട നടത്തിയ സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുത്തിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് അനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ജി സജി കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആത്മ പ്രതീഷ്, എച്ച് ഷാജി, സി എസ് പ്രദീപ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഏപ്രിൽ മുപ്പതിനാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സോജൻ എന്നയാളുടെ വീട്ടിൽ കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സോജന്റെ വീട്ടിൽ എത്തി അന്വേഷണം നടത്തുകയും ഇവിടെ പാകം ചെയ്തുകൊണ്ടിരുന്ന ഇറച്ചി നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ തൊണ്ടി മുതൽ കസ്റ്റഡിയിൽ എടുക്കുന്നതിനോ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്നതിനോ പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിനോ ഉദ്യോഗസ്ഥര്‍ തുനിഞ്ഞിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം വീഴ്ചവരുത്തുകയായിരുന്നുവെന്ന് കൊല്ലം എസ് ഐ പി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണത്തിൽ കണ്ടെത്തി. വന്യ ജീവി സംബന്ധമായി ഉത്തരം ഗൗരവകരമായ ഒരു കേസ് ഈ ഉദ്യോഗസ്ഥർ വളരെ നിരുത്തരവാദപരവും ലാഘവത്തോടെയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. തൊണ്ടിമുതലായി കണ്ടെടുത്ത കാട്ടിറച്ചിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനകള്‍ക്ക് അയക്കുകയോ ഇറച്ചി കസ്റ്റഡിയിൽ എടുത്ത് തുടർ അന്വഷണം നടത്തുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുന്നതിന് ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ഐ എഫ് എസ് ഉത്തരവായത്.