കോന്നി : ഗുരു നിത്യ ചൈതന്യയതി സ്മാരകം അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ സ്ഥലം കണ്ടെത്തി നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാംസ്കാരിക വകുപ്പ് നാല്‍പത് കോടി രൂപ മുതല്‍മുടക്കിലാണ് ഗുരുനിത്യ ചൈതന്യയതി സ്മാരകം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പെട്ടമ്ലാന്തടത്തിലാണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലമെങ്കിലും ഇതേ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മുളക് കൊടിത്തോട്ടത്തില്‍ അഞ്ചേക്കര്‍ സ്ഥലത്താണ് സംസ്ഥാനസര്‍ക്കാര്‍ നാല്‍പ്പത് കോടി രൂപ മുതല്‍ മുടക്കില്‍ യതിയുടെ പേരില്‍ നാടിന്റെ സാംസ്കാരിക പൈതൃകവും കലാ പൈതൃകവും കൂട്ടിയിണക്കിയുള്ള സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇത് പിന്നീട് ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി ഇവിടേക്ക് മാറ്റുവാനുള്ള തീരുമാനമാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഗുരുനിത്യചൈത്യന്യ യതി പഠന ഗവേഷണ കേന്ദ്രവും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സ്മാരക സമുച്ചയത്തിൽ നിർത്ത സംഗീത നടക ശാലകൾ, ഓഡിറ്റോറിയങ്ങൾ, ബ്ലാക്ക് ബോക്സ് തീയേറ്റർ, ചമയ മുറികൾ ഉപഹാര ശാലകൾ, ഗ്രന്ഥ ശാല, യതിയുടെ ഗ്രന്ഥങ്ങളുടെ പഠനത്തിനായുള്ള പ്രത്യേക കേന്ദ്രം, വീഡിയോ സെമിനാർ ഹാളുകൾ, ഓപ്പൺ എയർ തീയറ്റർ, ഭരണ നിർവഹണ കാര്യാലയം, കലാകാരന്മാർക്കും കരകൗശല വിദഗ്ദ്ധർക്കുള്ള പണിശാലകൾ, കഫ്‌റ്റേരിയ എന്നിവയാണ് ഈ സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്. 1924 നവംബർ രണ്ടിനാണ് വകയാർ മ്ലാന്തടത്തിൽ രാഘവ പണിക്കരുടെയും വാമാക്ഷിയുടെയും മകനായി ജനിച്ച ജയചന്ദ്രനാണ് പിൽകാലത്ത് ലോകം അറിയപ്പെടുന്ന ഗുരു നിത്യ ചൈതന്യ യതിയായി മാറിയത്.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ നടരാജ ഗുരുവിന്റെ ശിഷ്യനായിരുന്നു. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംഎ ക്ക് മികച്ച മാർക്കോടുകൂടി വിജയിച്ച ജയചന്ദ്രൻ കൊല്ലം എസ്.എൻ കോളേജ്, ചെന്നൈ വിവേകാന്ദ കോളേജ് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു. ഇതിനു ശേഷമാണ് രമണ മഹർഷിയിൽ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ച് ജയചന്ദ്രൻ നിത്യചൈതന്യ യതിയായി മാറിയത്. മലയാളത്തിൽ 120 കൃതികളും ഇംഗ്ലീഷിൽ 80 കൃതികളും രചിച്ചിട്ടുള്ള യതി യുഎസ്, ആസ്ട്രിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിലെ വിസിറ്റിങ് പ്രൊഫസ്സർ ആയിരുന്നു. ഡൽഹിയിലെ സൈക്കോ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിൻറെയും വർക്കല ശ്രീനാരായണ ഗുരുകുലം ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മ വിദ്യയുടെയും അധിപനായിരുന്ന ഗുരു നിത്യ ചൈതന്യ യതിക്ക് ലോകമെമ്പാടും ശിഷ്യ ഗണങ്ങളുണ്ട്.