ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ സുരക്ഷാവീഴ്ച. ക്ഷേത്ര തിരുമുറ്റത്ത് ബൈക്കുമായി യുവാവ്. എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുമടക്കം സുരക്ഷാ ചുമതലയിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കഴിഞ്ഞ ദിവസം യുവാവ് ബൈക്കില്‍ പറന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറപ്പറമ്പില്‍ വീട്ടില്‍ പ്രണവിനെ (31) പടിഞ്ഞാറെ നടപ്പുരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസിന് കൈമാറി. ക്ഷേത്രത്തിന്റെ നടപ്പന്തലിനുള്ളില്‍ ഭക്തര്‍ക്കിടയിലൂടെ ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇയാള്‍ ബൈക്കില്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയിലെത്തിയത്. കിഴക്കെ നടയില്‍ സത്രത്തിന് സമീപത്തെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു.
തുടര്‍ന്ന് കിഴക്കേ തിരുമുറ്റത്തെത്തി ക്ഷേത്രത്തിന് മുന്നിലെ അത്ത പൂക്കളം വലം വെച്ച് ദീപസ്തംഭത്തിന് സമീപത്തു കൂടി തെക്കുഭാഗത്തേയ്ക്ക് കടന്നു. കിഴക്കേ നടപന്തലില്‍ ജോലിയിലുണ്ടായിരുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരന്‍ ബൈക്ക് പോകുന്നത് കണ്ട് പിറകെ ഓടിയെങ്കിലും യുവാവ് ബൈക്കുമായി മുന്നോട്ടുപോയി. ക്ഷേത്രത്തിന് തെക്കുഭാഗത്തേയ്ക്ക് തിരിക്കുന്നതിനിടെ ബൈക്കില്‍ നിന്നും വീഴാന്‍ പോയെങ്കിലും വീണ്ടും ബൈക്കുമായി പടിഞ്ഞാറെ നടപ്പുരയിലേയ്ക്ക് അമിത വേഗത്തില്‍ പോയി.
പടിഞ്ഞാറെ നടപ്പന്തല്‍ അവസാനിക്കുന്ന ഭാഗത്ത് ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട് ഇവിടെ നിന്നും വീണ്ടും ബൈക്ക് തിരിച്ച് ഓടിച്ചെങ്കിലും നാട്ടുകാരും ഭക്തരും ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. സത്രം ഗേറ്റ് മുതല്‍ പടിഞ്ഞാറെ നടപ്പന്തലിലെ ഗേറ്റ് വരെയുള്ള ഭാഗങ്ങളിലെല്ലാം തോക്കേന്തിയ പോലീസുകാരും മഫ്തിയിലടക്കം എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ ഉള്ളപ്പോഴാണ് ഈ സുരക്ഷാ വീഴ്ച.