തൃശ്ശൂര്‍ : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 3,000 പേര്‍ക്ക് മാത്രം ദര്‍ശനം. നിലവില്‍ 10,000 പേരെ അനുവദിച്ചിരുന്നു. കുട്ടികളുടെ ചോറൂണ്‍ വഴിപാട് നടത്തുന്നത് നിര്‍ത്തലാക്കി. വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് ചോറൂണ് വീടുകളില്‍ നടത്തുന്നതിന് നിവേദ്യം അടക്കം വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. ക്ഷേത്രത്തിനു മുന്നില്‍ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആക്കി. 2 ഫോട്ടോഗ്രഫര്‍മാരെയും അനുവദിക്കും.
പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്‌സല്‍ ആയി നല്‍കും. 500 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1000 പേര്‍ക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്‌സല്‍ നല്‍കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും നിര്‍ത്തിവെച്ചു. ക്ഷേത്രത്തില്‍ നിത്യേന രാത്രി നടന്നിരുന്ന കൃഷ്ണനാട്ടവും നിര്‍ത്തി. ബുക്ക് ചെയ്തവര്‍ക്ക് സൗകര്യപ്രദമായ ദിവസം പിന്നീട് അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താം. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങള്‍, കലക്ടര്‍ എന്നിവരുമായി കൂടിയാലോനയ്ക്കു ശേഷമാണ് തീരുമാനം എടുത്തത്.