തൃശ്ശൂര്‍ : ഗുരുവായൂര്‍ അമ്പലത്തില്‍ നാളെമുതല്‍ വിവാഹം നടത്തുവാന്‍ അനുമതി നല്കിയതിനോടൊപ്പം വിവാദവും പ്രതിഷേധവും അരങ്ങേറുകയാണ്. വധുവരന്മാരുടെ കൂടെ അവര്‍കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ വിവാഹചടങ്ങുകള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പകരം ദേവസ്വം ബോര്‍ഡ് ഏര്‍പ്പാട് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുമെന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തി. തങ്ങളുടെ തൊഴില്‍മേഖലയില്‍ കൈകടത്താന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഇത് വന്‍ അഴിമതിക്കുവേണ്ടിയാണെന്നും കേരളാ പ്രൊഫഷണല്‍ വീഡിയോഗ്രാഫേഴ്സ് ആന്റ് ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ (പി.വി.പി.യു) സംസ്ഥാന പ്രസിഡന്റ് സുധാകരന്‍ ചക്കരപ്പാടം പറഞ്ഞു.
കൊറോണ മൂലം ഫോട്ടോഗ്രാഫി മേഖല തകര്‍ന്നുകഴിഞ്ഞു. ജീവിക്കാന്‍ പാടുപെടുകയാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. കൂടാതെ ഇവരെ ആശ്രയിച്ചുകഴിയുന്നവരും ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. വായ്പ്പയുടെ പലിശ അടക്കുവാന്‍പോലും ആര്‍ക്കും കഴിയുന്നില്ല. ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതും പ്രതീക്ഷിച്ചാണ് മിക്കവരും കഴിയുന്നത്. ഈ അവസരത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം പുറത്തുവരുന്നത്. പുറത്തുനിന്നും എത്തുന്ന ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍ക്ക് മാത്രമേ വിവാഹ ചടങ്ങുകള്‍ പകര്‍ത്തുവാന്‍ അനുവാദമുള്ളു എന്നും. ഇതിനെതിരെയാണ് ഇപ്പോള്‍ ഫോട്ടോഗ്രാഫി രംഗത്തെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഫോട്ടോഗ്രാഫി കരാറുകള്‍ നല്‍കിയാല്‍ നല്ലൊരുതുക ദിവസേന കമ്മീഷന്‍ ലഭിക്കും. ദിവസം 60 വിവാഹം നടത്തുവാന്‍ ഇപ്പോള്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒരു വിവാഹ ഫോട്ടോഗ്രാഫിയില്‍ നിന്നും കുറഞ്ഞത് 1000 രൂപ വീതം കമ്മീഷന്‍ ലഭിക്കും. ഫോട്ടോയും വീഡിയോയും ആകുമ്പോള്‍ ഇത് 2000 രൂപയാകും. 60 വിവാഹത്തില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കമ്മീഷന്‍ ലഭിക്കും. അതായത് ദിവസേന ഉച്ചക്ക് 12 മണിക്ക് മുമ്പ് ഒന്നേകാല്‍ ലക്ഷംരൂപ കമ്മീഷനായി ചിലരുടെ മടിക്കെട്ടില്‍ വീഴും. ഇത് അഴിമതിക്കല്ലെങ്കില്‍ പിന്നെ എന്തിനെന്നാണ് സംഘടനകളുടെ ചോദ്യം. കരാര്‍ നല്‍കാതെ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാലും കോടികള്‍ കയ്യില്‍ വരും. വന്‍ അഴിമതിക്കുള്ള നീക്കമാണിതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഫോട്ടോഗ്രാഫി – വീഡിയോഗ്രാഫി മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ കവരുവാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ ചക്കരപ്പാടം പറഞ്ഞു. ട്രേഡ് യൂണിയന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതാണ് കേരളാ പ്രൊഫഷണല്‍ വീഡിയോഗ്രാഫേഴ്സ് ആന്റ് ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ (പി.വി.പി.യു) എന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നതോടൊപ്പം പ്രത്യക്ഷസമര പരിപാടികളുമായി നീങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് സുധാകരൻ ചക്കരപ്പാടം, ജനറല്‍ സെക്രട്ടറി ആന്റണി ചെറുപുഴ, ട്രഷറർ ത്രിദീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപാലൻ കുടിയാൻമല , ഷബ്നം മുരളി , സലീഷ്, രാഗേഷ് കോഴിക്കോട് , പ്രമോദ് സിനി ടോൺ എന്നിവര്‍ പറഞ്ഞു.