തൃശ്ശൂര്‍ : കൊറോണയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെയാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്.
അതേസമയം ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്നായിരുന്നു ഒരു വിഭാഗം ഭരണ സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇവര്‍ കത്തും നല്‍കിയിരുന്നു. വിഷുക്കണി ദര്‍ശനം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിനെതിരെ ഭക്തജനങ്ങളും രംഗത്ത് വന്നിരുന്നു.