ഡൽഹി : കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാൻവാപി മസ്‌ജിദ് തർക്കത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എ.എസ്.ഐ) റിപ്പോർട്ടിന്റെ ഭാഗങ്ങൾ പുറത്തുവിട്ട് ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകൻ. ഗ്യാൻവ്യാപി പള്ളിക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുനെന്നും ക്ഷേത്രത്തിന്റെ തൂണുകൾ പള്ളിക്ക് വേണ്ടി രൂപമാറ്റം വരുത്തിയെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ 32 ശിലാ ലിഖിതങ്ങൾ കണ്ടെത്തിയെന്നുൾപ്പെടെയുള്ള കാര്യങ്ങൾ എ.എസ്.ഐ റിപ്പോർട്ടിലുണ്ടെന്ന് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ പറഞ്ഞു.
നിലവിലപള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എ.എസ്.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയാനാകുമെന്നും വിഷ്ണു ശങ്കർ ചൂണ്ടിക്കാട്ടി. പള്ളിയുടെ പടിഞ്ഞാറൻ മതിൽ ഹിന്ദുക്ഷേത്രത്തിന്റേതാണെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ദേവനാഗരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ക്ഷേത്രത്തൂണുകളിലെ ചിഹ്നങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി വിഷ്ണു ശങ്കർ പറഞ്ഞു.