എറണാകുളം : സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റുകള്‍ വില്‍പന നടത്തി പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. 19 കാരനായ കോല്‍ക്കത്ത സ്വദേശി ഷിതിജ് ഷോ ആണ് പിടിയിലായത്.
ട്രാവല്‍ ഏജന്‍സിയുടെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ടിക്കറ്റ് വില്‍പന നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 25 ലക്ഷം രൂപയോളമാണ് ഇയാള്‍ ഇതുവഴി നേടിയത്. കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ ഐടി കമ്പനി ട്രാവല്‍ ഏജന്‍സിക്ക് ഉണ്ടാക്കി നല്‍കിയ സോഫ്റ്റ് വെയര്‍ ആണ് ഷിതിജ് ഹാക്ക് ചെയ്തത്. ട്രാവല്‍ ഏജന്‍സിയുടെ വെബ്സെെറ്റില്‍ കയറി ഇയാള്‍ ടിക്കറ്റ് വില്‍പന നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഷിതിജ് നല്‍കിയ ടിക്കറ്റില്‍ യാത്രചെയ്ത കൊല്‍ക്കത്ത സ്വദേശികളെ ചോദ്യം ചെയ്തപ്പോള്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ചുട്ടി ചുട്ടി എന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. ചുട്ടി ചുട്ടി ഉടമസ്ഥന്‍ അലോക് രഞ്ജന്‍ മണ്ഡല്‍ ആണ് ഹണി എന്ന് പേരുള്ള ഷിതിജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. 20ശതമാനം വിലക്കുറച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഷിതിജ് അലോക്കിനെ സമീപിച്ചതെന്നും കണ്ടെത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.