ഡല്‍ഹി: രാജ്യത്തെ മുന്‍നിര ഗുസ്തിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കായികരംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ്. താന്‍ തൂക്കിലേറ്റപ്പെടാന്‍ തയ്യാറാണെന്നും എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ”കഴിഞ്ഞ നാല് മാസമായി എല്ലാ ഗുസ്തി പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. എന്നെ തൂക്കിക്കൊല്ലാന്‍ ഞാന്‍ പറയുന്നു, എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുത്; കുട്ടികളുടെ ഭാവിയുമായി കളിക്കരുത് ”ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്ത് ഫെഡറേഷനില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്. ഡബ്ല്യുഎഫ്ഐ തലവന്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് നിരവധി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പുകളും ക്യാമ്പുകളും ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. സിംഗിനെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടില്‍ പ്രതിഷേധിക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.