തിരുവനന്തപുരം: എല്ലാവരും ഹാപ്പിയായിട്ടിരിക്കാൻ സംസ്ഥാനത്ത് ഹാപ്പിനസ് പാർക്കുകൾ വരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാർക്കുകൾ സ്ഥാപിക്കും. ഇതിനായി 50 സെന്റ് ഭൂമിയെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിലുള്ള പാർക്കുകളിൽ അധിക സംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് നിർമ്മിക്കാം.പാർക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്റെ രൂപം തന്നെ മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർക്ക് നിർമ്മിക്കാൻ മാലിന്യം തള്ളുന്ന പ്രദേശങ്ങൾക്കും ശ്മശാനത്തിനു സമീപമുളള ഭൂമിക്കും മുൻഗണന നൽകും.
കൂടാതെ മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ നടത്തണം. തനത് കലാകാരന്മർക്ക് അവസരം നൽകുന്ന പരിപാടികൾക്കും ഭക്ഷ്യമേളയ്ക്കും അരങ്ങൊരുക്കാം. ഭൂമി വാങ്ങുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിലും വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഉപയോഗിക്കാമെന്നാണ് തദ്ദേശവകുപ്പിന്റെ നിർദേശം. കൂടാതെ മാലിന്യസംസ്കരണ മേഖലയ്ക്ക് മാറ്റിവയ്ക്കേണ്ട വിഹിതവും വിനിയോഗിക്കാം. നഗരങ്ങളിൽ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം. സ്പോൺസർഷിപ്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള കരട് തയാറാക്കുന്നതിനു ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തി.