കോഴിക്കോട് : എം.എസ്.എഫ് നേതാക്കള്‍ ‘ഹരിത’ യിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ സി. അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. സിറ്റി പപോലീസ് മേധാവി എ.വി. ജോര്‍ജിന് ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
തുടര്‍ന്നാവും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആഗസ്റ്റ് 19നാണ് ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ക്ക് അന്വേഷണത്തിനായി കൈമാറിയത്. പരാതിക്കാരുടെയും ആരോപണവിധേയരുടെയും ഉള്‍പ്പെടെ പത്തിലധികം പേരുടെ മൊഴികളാണ് ശേഖരിച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രസിഡന്റടക്കമുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ‘ഹരിത’ നല്കിയ പരാതി വനിത കമ്മീഷന് പോലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജൂണ്‍ 22ന് എം.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് വെള്ളയില്‍ ഹബീബ് സെന്ററില്‍ വെച്ച് അപമാനിച്ച് സംസാരിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഫോണ്‍വഴി അസഭ്യവാക്കുകള്‍ പ്രയോഗിച്ചു എന്നാണ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വഹാബിനെതിരായ പരാതി. അതിനിടെ ‘ഹരിത’ വനിത കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കുമെന്ന മുസ്ലിം ലീഗ് പ്രഖ്യാപനം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പായില്ല. പരാതി പിന്‍വലിക്കാന്‍ ലീഗ് സമ്മര്‍ദം ചെലുത്തിയിട്ടും ഹരിത പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.