പത്തനംതിട്ട : കോവിഡിനെ അതിജീവിച്ച് മുന്നേറുന്ന കേരള ജനതയ്ക്കായി ‘മനോഹരിതം’ കാമ്പയിനുമായി ഹരിതകേരളം മിഷന്‍. ഈ കാമ്പയിനില്‍ നാല് പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വരുന്ന മഴക്കാലത്ത് രോഗം വരാതെ നോക്കാനും പ്രകൃതി, ജലം എന്നിവയെ സംരക്ഷിക്കാനും പച്ചക്കറികള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കുവാനും നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇനിയുളള മാറ്റത്തിന്റെ തുടക്കം കുട്ടികളില്‍ നിന്നുമാകണം. ഇത് മുന്‍നിര്‍ത്തി പ്രധാനമായും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണ് ഈ കാമ്പയിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യാപകര്‍ മുഖേനയും എന്‍എസ്എസ് വോളന്റിയേഴ്സ് മുഖേനെയും പദ്ധതി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയും അവരെ പങ്കാളികളാക്കുകയും ചെയ്യും. വിദ്യാര്‍ഥികളെ കൂടാതെ പ്രായഭേദമന്യേ ആര്‍ക്കും കാമ്പയിനില്‍ പങ്കാളികളാകാം.
‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ലക്ഷ്യത്തിനായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് മുഖേന ഉള്ള ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ച്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള ഒരു കോടി ഫലവൃക്ഷത്തൈകളുടെ ഉത്പാദനം, തുരത്താം കോവിഡിനെ വിതയ്ക്കാം ഈമണ്ണില്‍ ഹാഷ് ടാഗ് കാമ്പയിന്‍, മഴക്കുഴി നിര്‍മാണം എന്നിവയാണ് മനോഹരിതം കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാല് പ്രവര്‍ത്തനങ്ങള്‍.
‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ച്
കോവിഡ് കാലത്ത് വീട് വൃത്തിയാക്കി സമ്മാനം നേടിയാലോ..’ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ലക്ഷ്യത്തിനായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ചില്‍ വീടിന് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. സ്വന്തം വീടിന്റെ വൃത്തിയും വെടിപ്പും സ്വയം വിലയിരുത്താനുള്ള ഒരു അവസരം കൂടിയാണിത്. ഇതിനായി വീടുകളിലെ മാലിന്യ പരിപാലന മാര്‍ഗങ്ങള്‍ ഫേയ്‌സ്ബുക്കില്‍ കൂടി പോസ്റ്റ് ചെയ്യുകയും അത് സ്വയം വിലയിരുത്തി മാര്‍ക്ക് ഇടുകയുമാണ് ചെയ്യേണ്ടത്. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യം, അജൈവ മാലിന്യം, ഇ-വേസ്റ്റ്, വസ്ത്രങ്ങള്‍, പേപ്പര്‍, ചില്ലുകുപ്പി, ബാഗ്, ചെരുപ്പ്, മലിനജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയുടെ സുരക്ഷിതമായ നിര്‍മാര്‍ജനം വിലയിരുത്തിയാണ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്. നിങ്ങളുടെ വീട്ടിലെ മാലിന്യ സംസ്‌കരണ രീതികള്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡിംഗിനുള്ള സൂചകങ്ങള്‍ പരിശോധിച്ച് ഫേയ്‌സ് ബുക്ക് പേജില്‍ എഴുതി സ്വയം മാര്‍ക്ക് നല്‍കണം. ആകെ 100 മാര്‍ക്കാണ് ഉള്ളത്. ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘മൈ ഹോം ക്ലീന്‍ ഹോം’ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യുകയും വേണം. നിങ്ങളുടെ വീട് ഏത് ഗ്രേഡിലാണ് എന്ന് ഹരിത കേരളം മിഷന്‍ അറിയിക്കും. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്ന 100 പേരെ തെരെഞ്ഞെടുത്ത് ഹരിതകേരളം മിഷന്‍ സമ്മാനം നല്‍കും. ഫൈവ് സ്റ്റാര്‍ ഗ്രേഡിംഗിനുള്ള സൂചകങ്ങള്‍ ഹരിതകേരളം ഫേയ്സ്ബുക്ക് പേജില്‍ ലഭ്യമാണ്. മേയ് ഏഴു വരെയാണ് ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഒരു കോടി ഫലവൃക്ഷത്തൈകളുടെ ഉത്പാദനം
ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരുകോടി വൃക്ഷത്തൈകള്‍ നടും. മേയ് ഒന്നു മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ മുന്‍കൈയെടുത്ത് ഒരു വിദ്യാര്‍ഥിയെകൊണ്ട് 10 ഫവലൃക്ഷത്തൈകളെങ്കിലും ഉത്പാദിപ്പിക്കുക. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളജ് എന്നീ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കുന്ന സ്‌കൂള്‍/കോളജിനും വിദ്യാര്‍ഥിക്കും ജില്ലാതലത്തില്‍ സമ്മാനം നല്‍കും. തൈകളുടെ വളര്‍ച്ചയെ കാണിക്കുന്ന ചിത്രങ്ങളും ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യണം.
മഴക്കുഴി നിര്‍മാണം
കടുത്ത വേനല്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ സഹായത്തോടെ കുട്ടികളെ കൊണ്ട് ചെറിയ രീതിയില്‍ മഴക്കുഴികള്‍ നിര്‍മിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകാം. മഴവെള്ളം ഭൂമിയില്‍ ആഴ്ത്താന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മഴക്കുഴികള്‍. സ്ഥലസൗകര്യത്തിനും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികള്‍ ഉണ്ടാക്കാം. മഴക്കാലത്ത് എപ്പോഴും വെള്ളം കുഴികളില്‍ നിറഞ്ഞിരിക്കും. ഇത് ക്രമേണ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങും. ഇത് കൂടാതെ തെങ്ങുള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ക്ക് തടം ഒരുക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. നാളത്തേക്ക് ഒരു കരുതലിനായി കുട്ടികളെ തന്നെ മാതൃകയാക്കേണ്ടതുണ്ട്. ഫലവൃക്ഷത്തൈകളുടെ ചിത്രങ്ങളും മഴക്കുഴിയുടെ ചിത്രങ്ങളും തടം ഒരുക്കുന്ന ചിത്രങ്ങളും മനോഹരിതം എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാം. മഴക്കുഴി നിര്‍മാണത്തിന്റെ വിശദവിവരങ്ങളും ഹരിതകേരളം മിഷന്‍ ഫെയ്‌സ് ബുക്ക് പേജില്‍ ലഭ്യമാണ്.
തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍ കാമ്പയിന്‍
ഈ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ചെയ്ത കൃഷിയുടെ ഫോട്ടോസ് തുരത്താം കോവിഡിനെ വിതയ്ക്കാം ഈമണ്ണില്‍ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാം. കൃഷി മാത്രമല്ല മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവയും ഈ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാം. ഇതിന്റെ വിശദവിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. ഇതിനും ജില്ലാതലത്തില്‍ സമ്മാനം നല്‍കും.
കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവന്‍ ഒരു വീടിനുള്ളില്‍ ആക്കിയ സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്ന് തന്നെ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങാനും അതോടൊപ്പം ഓരോരുത്തരുടേയും ഇനിയുളള ജീവിതം ആരോഗ്യ പൂര്‍ണമുള്ളതാക്കാനും അവസരമൊരുക്കുകയാണ് ഹരിതകേരളം മിഷന്‍ ഈ മനോഹരിതം കാമ്പയിനിലൂടെ. കാമ്പയിനെ പറ്റിയുളള കൂടൂതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
The post കോവിഡിനെ അതിജീവിച്ച് ‘മനോഹരിതം’ കാമ്പയിനുമായി ഹരിതകേരളം ജില്ലാ മിഷന്‍ appeared first on Pathanamthitta Media.