തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനത്തില്‍ നൊബേല്‍സമ്മാന ജേതാവും ഭാര്യയും സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞതിന് പിന്നില്‍ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം. കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം കേരളത്തിലെത്തിയത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.