ന്യൂഡല്‍ഹി : മന്‍ മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ താങ്ങുവില കര്‍ഷകരുടെ അവകാശമാണ് എന്നു പറഞ്ഞ നരേന്ദ്ര മോദി ഇപ്പോള്‍ കര്‍ഷകരുടെ ആ അവകാശം നിഷേധിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. താങ്ങുവില ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാല്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ചൂണ്ടിക്കാട്ടി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ പ്രതികരിച്ചു.
നേരത്തെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് താങ്ങുവില കര്‍ഷര്‍ക്ക് നിയമം വഴിയുള്ള അവകാശമാക്കണമെന്നായിരുന്നു. അന്ന് ഈ വിഷയം മന്‍ മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ്ങ് കമ്മിറ്റിക്ക് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേ നരേന്ദ്ര മോദി ഇന്ന് ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ കര്‍ഷകരെ കേള്‍ക്കുകയും പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടുകയും വേണമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പട്ടു.