ഹത്രാസ് : ഹത്രാസിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനോ, ഹത്രാസിലേയ്ക്ക് പ്രവേശിക്കാനോ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. പിന്നീട് കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഹത്രാസിലേയ്ക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രമുഖ മാധ്യമത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറമാനും നേരിടേണ്ടി വന്ന പോലീസ് ക്രൂരത വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. മാധ്യമ പ്രവര്‍ത്തക പ്രതിമ മിശ്രയേയും ക്യാമറമാനെയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലീസ് തടയുകയും മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് വിളിച്ച് പോലീസ് അപമാനിക്കുകയും ചെയ്തിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തി കേസുമെടുത്തിരിന്നു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പോലീസ് പറഞ്ഞത്. യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പോലീസ് തടഞ്ഞിരുന്നു.