യു പി : ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ. പോലീസുകാർക്കെതിരായ അച്ചടക്ക നടപടിക്ക് തുടർച്ചയായാണ് തീരുമാനം. ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽക്കാനും തീരുമാനിച്ചു. കുടുംബവുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
നേരത്തെ ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാൻ പോയ പെൺകുട്ടിയാണ് കൂട്ടബലാൽത്സംഗത്തിന് ഇരയായത്. കുട്ടിയെ കൊലപ്പെടുത്താനായി ഷോൾ കഴുത്തിൽ മുറുക്കിയിരുന്നു. കുട്ടിയുടെ നാക്ക് മുറിഞ്ഞ് പോയ നിലയിലും കൈ കാലുകൾ തളർന്ന നിലയിലും ആയിരുന്നു. നാല് പേരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ പോലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.