കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയാണ് രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരി എന്ന് വിമര്‍ശിച്ച മമത, ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍പെടുന്നവര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് ബിജെപിയെന്നും ആരോപിച്ചു.
‘കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍പെടുന്നവര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മള്‍ അണിനിരക്കണം’ ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.
‘ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നത് മാറി ജനങ്ങള്‍ക്കെതിരായ, ദളിതര്‍ക്കെതിരായ കര്‍ഷകര്‍ക്കെതിരായ സര്‍ക്കാരാണുള്ളത്’ മമത വ്യക്തമാക്കി.
തന്‍റെ ജാതി മനുഷ്യത്വം ആണെന്ന് പറഞ്ഞ മമത, ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും അവസാനം വരെ താന്‍ ദളിതര്‍ക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി.
തൃണമൂല്‍ സംഘം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി യുപിയിലെത്തിയിരുന്നു. എന്നാല്‍ ഇവരെ പോലീസ് തടയുകയാണുണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മമത പാര്‍ട്ടി എംപിമാരുള്‍പ്പെടെ ഉള്ളവരെ പോലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ഈ മാസം പതിനാലിനാണ് 19 കാരി പീഡനത്തിനിരയായത്. പുല്ലുവെട്ടാന്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം പോയ ദളിത് പെണ്‍കുട്ടിയാണ് ക്രൂരതക്ക് ഇരയായത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിഞ്ഞ അവസ്ഥയിലായിരുന്നു.
കുടുംബം ആരോപണം ഉന്നയിച്ചത് പ്രദേശത്തെ ഉന്നത ജാതിക്കാര്‍ക്ക് എതിരെയാണ്. സംഭവത്തില്‍ പൊലീസിനെതിരെയും കുടുംബം രംഗത്തെത്തി. പോലീസ് തിടുക്കപ്പെട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് വിവരം.