കൊച്ചി : ഡിജിപി ജേക്കബ്ബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന
കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി വിജിലന്‍സ് അന്വേഷണം തുടരാം എന്നും കോടതി വ്യക്തമാക്കി. അടുത്ത ദിവസം വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. തമിഴ്നാട്ടിലെ രാജ പാളയത്ത് 50.33 ഏക്കര്‍ ഭൂമി ജേക്കബ്ബ് തോമസിന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയിരുന്നു. ഇത് അനധികൃതം ആണെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. അതേസമയം കേസില്‍ ഇതുവരെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് വി. ഷേര്‍സി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്‍റെ പേരിലാണ് രാജപാളയത്തെ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.
ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
നേരത്തെ സര്‍ക്കാര്‍ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. ഈ മാസം 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഔദ്യോഗിക രഹസ്യങ്ങള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്കത്തിലൂടെ ജേക്കബ് തോമസ് പുറത്തുവിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. സിവില്‍ സര്‍വ്വീസ് ചട്ട ലംഘനം നടത്തിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.