കൊച്ചി: ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി അന്ത്യശാസനം നല്‍കി. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളില്‍ പ്രതികള്‍ പോലീസിന് നല്‍കുന്ന മൊഴി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി എടുക്കുമെന്നും ഹൈക്കോടതി താക്കീത് നല്‍കി.
കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയത്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പോലീസിനു നല്‍കുന്ന കുറ്റസമ്മത മൊഴികള്‍ തെളിവായി കോടതി സ്വീകരിക്കില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പോലീസുദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യം മനസിലായിട്ടില്ലെന്നും വിശദീകരിച്ചു.
ഇത്തരം കേസുകളില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശമുണ്ടെന്നും പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്ക് അറിയാമെന്നും പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോടതി വിശദമാക്കി.