കൊച്ചി : പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡി.ജി.പി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ വ്യാപാരി ജെ.എസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ‘എടാ, എടീ’ വിളികള്‍ പോലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബാബു സിദ്ദിഖ് കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പോലീസ് സേനയിലുള്ളവര്‍ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് 2018 നവംബര്‍ 30 ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നടപടിയെ അഭിനന്ദിക്കുന്നെങ്കിലും മൂന്നു വര്‍ഷം പിന്നിടുമ്പോഴും പോലീസ് മോശമായി പെരുമാറിയെന്ന നിരവധി പരാതികള്‍ കോടതിയിലെത്തുന്നുണ്ട്. ചേര്‍പ്പ് എസ്.ഐ തന്റെ കടയില്‍ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. സ്വീകരിച്ച നടപടി വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
‘എടാ, വിളി കൊളോണിയല്‍ കാലത്തേത് – ഹൈക്കോടതി
എടാ, എടീ, നീ എന്നൊക്കെ പോലീസ് സേനാംഗങ്ങള്‍ സ്ഥിരമായി വിളിക്കാറുണ്ട്. കൊളോണിയല്‍ കാലത്തെ കീഴടക്കല്‍ തന്ത്രങ്ങളുടെ അവശേഷിപ്പാണിത്. 21 ാം നൂറ്റാണ്ടില്‍ ഇത്തരം പെരുമാറ്റത്തിന് പ്രസക്തിയില്ല.
* പൊതുജന സുരക്ഷ മുന്‍നിറുത്തി കൊവിഡ് നിയന്ത്രണം നടപ്പാക്കുമ്പോള്‍ പോലും ഇത്തരം പെരുമാറ്റമുണ്ടായെന്ന് പരാതികളുണ്ട്. പരാതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുന്നതിനാല്‍ പലപ്പോഴും തെളിയിക്കാന്‍ കഴിയില്ല.
* പൊതുജനത്തിനെതിരെ പോലീസ് മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മനഃസാക്ഷിക്കും ജനാധിപത്യത്തിനുമെതിരാണിത്.