കൊച്ചി : എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയില്ല. സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ചെന്നാണ് ഇഡി വിശദീകരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ക്രൈംബ്രാഞ്ച് വ്യജതെളിവ് ഉണ്ടാക്കുകയാണെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി ആരോപിച്ചു. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധിയുണ്ടാക്കിയെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. കള്ളപ്പണക്കേസില്‍ ഇടപെടാനുള്ള ശ്രമം മാത്രമാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിന് പിന്നില്‍. ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ല. എല്ലാ രേഖയും ആക്ഷേപം ഉന്നയിക്കുന്നവുടെ കയ്യിലുണ്ടെന്നും ഇഡി പറയുന്നു.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. മൊഴി പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.