കൊച്ചി : സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എംഎല്‍എമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം. എം.എല്‍.എമാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണം. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ എല്ലാ എം.എല്‍.എമാരുടെയും കുടുംബങ്ങളെ ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും വിമര്‍ശനം.
കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനില്‍ തോമസ്, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. നാളെയാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.