തൃശൂര്‍: ചാവക്കാട് വടക്കേക്കാട്ട് പ്രവാസിവ്യവസായി കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നര കോടിയുടെ സ്വര്‍ണവും രത്നങ്ങളും കവര്‍ന്ന കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കി ഹൈക്കോടതി ഉത്തരവ്. നേപ്പാള്‍ സ്വദേശികളായ പ്രതികളെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായംതേടും.
2015 സെപ്റ്റംബര്‍ 23ന് രാത്രിയാണ് 500 പവന് സ്വര്‍ണാഭരണങ്ങളും 50 ലക്ഷത്തിന്റെ ഡയമണ്ട് ആഭരണങ്ങളും കവര്‍ന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പായ ജലീല്‍ ഹോള്‍ഡിങ്സിന്റെ ചെയര്മാന് കുഞ്ഞുമുഹമ്മദ് ഹാജി എന്ന വെണ്‍മാടത്തയില്‍ കുഞ്ഞുമുഹമ്മദിന്റെ ഇരുനില വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ നേപ്പാള്‍ സ്വദേശികളായ അഞ്ചുപേരാണ് പ്രതികള്‍.
ഇവരില്‍ നേപ്പാള്‍ കഞ്ചന്‍പൂര്‍ ഗുലേറിയ മൊവ്വാപ്പട്ട ശാന്തിടോള് ലീലാധര്‍ ഓജ എന്ന ലളിത് (32), വടക്കേക്കാട് ടി.എം.കെ ഓഡിറ്റോറിയം സെക്യൂരിറ്റി ജീവനക്കാരന് ദീപക് ഭണ്ഡാരി (37) എന്നിവര്‍ നേപ്പാളില്‍ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ നേപ്പാള്‍ കൊയ്ലാളി അഠാരി സ്വദേശികളായ ഗോബന്ദ് ഖത്രി എന്ന ഷൈല ഗംഗ (28), ചുഡ്കി എന്ന ഭണ്ഡാരി (35), രാം ബഹാദൂര്‍ ഖത്രി എന്ന ബഹദൂര്‍ (25) എന്നിവരെ പിടികൂടാനുണ്ട്.
കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യ-നേപ്പാള്‍ കരാര്‍ ഇല്ലാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പോലീസിന് അറസ്റ്റിലായവരെ വിട്ടുകിട്ടിയിരുന്നില്ല. അന്നത്തെ തൃശൂര്‍ അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേപ്പാള്‍ പോലീസിന് നല്കിയ അപേക്ഷപ്രകാരമാണ് രണ്ടുപേരെ അവിടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളത്.