തിരുവനന്തപുരം: സെപ്തംബർ 1ന് മുമ്പ് കെഎസ്ആർടിസിക്ക് 103 കോടി രൂപ കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടി സർക്കാർ. ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടി തുടങ്ങി. നിയമ സാധ്യതകൾ മനസ്സിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നേരിട്ട് അപ്പീൽ പോകാതെ കെഎസ്ആർടിസി മാനേജ്മെന്റിനെ കൊണ്ട് അപ്പീൽ കൊടുപ്പിക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്ന ഉത്തരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
സർക്കാരിനെയും കെഎസ്ആർടിസി മാനേജ്മെന്റിനേയും ഈ നിർദേശം ഒരുപോലെ കുരുക്കിലാക്കിയിട്ടുണ്ട്. സർക്കാർ നിർദേശിച്ച ഡ്യൂട്ടി പരിഷ്കരണത്തിനും ട്രാൻസ്ഫർ പ്രൊട്ടക്ഷനും വഴങ്ങുക എന്നതാണ് മാനേജ്മെന്റിന് മുന്നിലുള്ള ഒരു പോംവഴി. അത് സംഭവിച്ചാൽ സർക്കാരിന് 250 കോടി രൂപയുടെ ഒരു പക്കേജ് സർക്കാരിൽ നിന്ന് നേടിയെടുക്കാനാകും. ആ ഇനത്തിലെ ആദ്യ ഗഡു ലഭിച്ചാൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാം. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കരണത്തിന് വഴങ്ങിയിട്ടില്ല. ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നൽകുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്.