വടശ്ശേരിക്കര : പെരുനാട് പഞ്ചായത്തിലെ മണക്കയം (10), മടത്തുമൂഴി (മൂന്ന്), മാടമണ്‍ (15) വാര്‍ഡുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകളായി തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സ്ഥാനാര്‍ഥിയെ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നെട്ടോട്ടമോടുകയാണ്.
ഈ വാര്‍ഡുകള്‍ ജനറല്‍ വാര്ഡുകളായാല് വിജയിക്കാനാകുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് പെരുനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് തുടക്കമാവുകയും തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തില്‍ കോടതി ഇടപെടല്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധിയുടെയും പശ്ചാത്തലത്തില്‍ സമാനമായ മറ്റ് 81 കേസിനോടൊപ്പം പെരുനാട്ടിലെ കേസും ഹൈക്കോടതി തള്ളി. ഇതോടെ ഈ സീറ്റുകള്‍ സ്വപ്നം കണ്ടിരുന്ന ജനറല്‍ സ്ഥാനാര്‍ഥികളുമായി സമവായമുണ്ടാക്കി സംവരണ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വം ശ്രമം തുടങ്ങി.