കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുമ്പ് പ്രാദേശികതല മേല്‍നോട്ട സമിതി, അപേക്ഷകന്റെ വാദം കേള്‍ക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ അപേക്ഷകന്റെ വാദം കേട്ട് തീരുമാനം എടുക്കണമെന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി. ഭൂമി തരംമാറ്റാനുള്ള അപേക്ഷ തന്റെ വാദം കേള്‍ക്കാതെ പ്രാദേശികതല മേല്‍നോട്ട സമിതി തള്ളിയതിനെതിരേ കോഴിക്കോട് നടക്കാവ് സ്വദേശിനി സുലേഖ ഖാദര്‍ നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഡേറ്റ ബാങ്കിലുള്‍പ്പെട്ട ഭൂമി തരം മാറ്റാനുള്ള അധികാരം ആര്‍ഡിഒയ്ക്കാണ്. ഇതിനായി ശിപാര്‍ശ നല്‍കാനേ പ്രാദേശികതല മേല്‍നോട്ട സമിതിക്ക് കഴിയൂ. അതിനാല്‍ പ്രാദേശികതല മേല്‍നോട്ട സമിതി അപേക്ഷകനെ കേട്ടില്ലെന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള അവകാശം ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ വില്ലേജിലെ 11.341 സെന്റ് സ്ഥലം ഡേറ്റാ ബാങ്കില്‍നിന്ന് നീക്കുന്നതിന് ഹര്‍ജിക്കാരി നല്കിയ അപേക്ഷ പ്രാദേശിക തല മേല്‍നോട്ട സമിതി തള്ളിയിരുന്നു. ഇതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
എന്നാല്‍ ഭൂമിയില്‍ രണ്ടു സെന്റോളം അനധികൃതമായി മണ്ണിട്ടു നികത്തിയതാണെന്നും സമീപത്തെ നിലങ്ങളില്‍ നെല്‍കൃഷി നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഭൂമി പാഴ്നിലമാണെന്നും ഡേറ്റ ബാങ്കില്‍ ഉള്പ്പെടേണ്ടതല്ലെന്നും ഹര്‍ജിക്കാരി വാദിച്ചെങ്കിലും ഭൂമി നെല്‍കൃഷിക്ക് അനുയോജ്യമാണെന്ന റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് ഹര്‍ജി തള്ളുകയായിരുന്നു.





























