കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രമാണെന്നും ഈ പ്രസ്ഥാനം അവര്‍ക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്‌ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മിന്നല്‍ പണിമുടക്കില്‍ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 6നു കേസ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തെ നാല് ഡിപ്പോകളില്‍ 2022 ജൂണ്‍ 26നു നടന്ന മിന്നല്‍ പണിമുടക്കില്‍ നഷ്ടം വന്ന 9,50,137 രൂപ ശമ്ബളത്തില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാര്‍ നല്‍കിയ ഹര്‍ജികളാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട ഡിപ്പോകളില്‍ നടന്ന പണിമുടക്കില്‍ 63 സര്‍വീസുകള്‍ മുടങ്ങിയതായി കെഎസ്‌ആര്‍ടിസി അറിയിച്ചു. സര്‍വീസ് ഷെഡ്യൂള്‍ മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോള്‍ ജനങ്ങളെല്ലാം ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.