വടശ്ശേരിക്കര: നീരാട്ടുകാവ് വട്ടകപ്പാറ മലയിലെ ഭൂമി വനഭൂമി തന്നെയെന്ന് ഹൈക്കോടതി. വനംകൊള്ള നടത്തി പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ സമരസമിതി നടത്തിയ നിയമ പോരാട്ടം വിജയത്തിലേക്ക്. റാന്നി നേരിട്ടുകാവ് വട്ടകപ്പാറമലയിലെ വനഭൂമിയില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി അവിടെ പാറമട തുടങ്ങാനുള്ള നീക്കമാണ് സമരസമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഹൈകോടതി റദ്ദുചെയ്തത്.
പാറമടക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ പാറമടലോബിക്കുവേണ്ടി പ്രവര്‍ത്തിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ നേരിടുകയും സുപ്രീം കോടതിയുടെ ഗ്രീന്‍ ബെഞ്ച് സമരസമിതിക്ക് അനുകൂലവിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് റാന്നിയിലെ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം റവന്യൂ ഭൂമിയാണെന്ന് സ്ഥാപിക്കാന്‍ പാറമടലോബി കമ്മിറ്റിയെ വെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
ഇതില്‍ കുമ്പളാംപൊയ്ക സ്വദേശി അഡ്വ.ബോബി തോമസ് മുഖേന സമരസമിതി കക്ഷി ചേര്‍ന്നതോടെയാണ് പാറമടലോബിയുടെ വാദങ്ങള്‍ കോടതിക്കു മുന്നില്‍ പൊളിഞ്ഞു വീണത്. പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ നീരാട്ടുകാവ് വട്ടകപ്പാറ മലയില്‍ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നീരാട്ടുകാവ് ഗ്രാമവാസികള്‍ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വട്ടകപ്പാറ മലയുടെ മുകളില്‍ നൂറേക്കറിലായി വ്യാപിച്ചുകിടക്കുന്ന പാറയുടെ അറുപതേക്കറോളം സ്ഥലത്താണ് ഖനനത്തിന് തയാറെടുത്തത്. ഇതിന് എക്സ്കവേറ്റര്‍ ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് മാറ്റുകയും മരങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്തു. തേക്കും ആഞ്ഞിലിയും ഉള്‍പ്പെടെ മരങ്ങള്‍ മുറിച്ചുമാറ്റിയ ഭാഗം വനഭൂമിയാണെന്ന് സമരസമിതി തുടക്കത്തിലേ ആരോപിച്ചു.
2018ലെ മഹാപ്രളയത്തില്‍ ഈ മലയില്‍ ഉരുള്‍പൊട്ടി റാന്നി ചെത്തോങ്കര തോട് നിറഞ്ഞുകവിഞ്ഞ് വന്‍ നഷ്ടം ഉണ്ടായി. ഒരു വര്‍ഷം മുമ്പ് കുടിവെള്ളംപോലും ലഭ്യമല്ലാത്ത വട്ടകപ്പാറയിലെ പാറ നിറഞ്ഞ ഭാഗം ഏതാനും ക്രിസ്ത്യന്‍ പുരോഹിതരെത്തി വൃദ്ധ സദനം തുടങ്ങാനെന്ന പേരില്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ചുറ്റും റബര്‍ ബോര്‍ഡിന്റെ തോട്ടങ്ങള്‍ നിറഞ്ഞ ജനവാസം പോലുമില്ലാത്ത മേഖലയില്‍ സഭ വസ്തു വാങ്ങിയതില്‍ അന്നേ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു.
പിന്നീട് ഈ വസ്തു പാറമട ലോബിക്ക് മറിച്ചു വില്‍ക്കുകയും അധികം ജനവാസം ഇല്ലാതിരുന്നിട്ടുകൂടി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റാന്നിയിലെ മറ്റ് റോഡുകള്ക്കില്ലാത്ത പ്രാധാന്യത്തോടെ എം.എല്‍.എ, എം.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കിലോമീറ്ററുകള്‍ നീളത്തില്‍ റോഡ് പണിയുകയും ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാര്‍ ചേത്തക്കല്‍ വില്ലേജ് അധികൃതരെ സമീപിച്ചപ്പോഴാണ് പാറമട തുടങ്ങാനുള്ള നീക്കം വളരെയേറെ മുന്നോട്ടു പോയതായി അറിയുന്നത്. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ വിഴിഞ്ഞം പദ്ധതിക്ക് കല്ല് എത്തിക്കാന്‍ കരാറെടുത്തിരിക്കുന്നയാള് ഖനനം നടത്തുന്നതിനാല്‍ പ്രദേശവാസികള്‍ വികസനത്തില്‍ പങ്കാളിയാകുകയാണെന്ന നിലപാടായിരുന്നു പഞ്ചായത്തിനും മറ്റു വകുപ്പുകള്‍ക്കും.
വട്ടകപ്പാറമലയില്‍ ഖനനം ആരംഭിക്കുന്നതോടെ വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന പരിഭ്രാന്തി പടര്‍ന്നിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് പാറമടലോബി വട്ടകപ്പാറമലയിലെ വനഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യാജരേഖകള്‍ ചമച്ചത്.