കർണാടക : നാല് വയസ്സുകാരി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. ബസിന്‍റെ പിൻചക്രത്തിനടിയിൽ പെട്ടായിരുന്നു മരണം. കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം സിദ്ദേനഹള്ളി റോഡിലായിരുന്നു അപകടം. രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിനി രക്ഷ.എസ് ആണ് മരിച്ചത്. പിൻ ചക്രത്തിനടിയിൽപ്പെട്ട കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കർഷകനായ സ്വാമിയുടെ മൂത്ത മകളായിരുന്നു. മകൾ ദിവസവും സ്‌കൂളിൽ പോയി ബസിൽ മടങ്ങാറുണ്ടെന്ന് സ്വാമി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ സംഭവം. അമിതവേഗതയിൽ വന്ന ബസ് റോഡിലെ വളവിലെത്തിയപ്പോൾ പെട്ടെന്ന് വലത്തോട്ട് തിരിച്ചു. ഇതിന്‍റെ ആഘാതത്തിൽ പെൺകുട്ടി വാഹനത്തിൽ വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പിതാവ് സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കനകപുര റൂറൽ പോലീസ് ബസ് ഡ്രൈവർക്കും അറ്റൻഡർക്കുമെതിരെ കേസെടുത്തു.