കലഞ്ഞൂര്‍ : കിഴക്കൻ മലയോര മേഖലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമായ കൂടുതൽ ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മനീഷ് മുറിഞ്ഞകൽ. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ പ്രാഥമിക ശുശ്രൂഷ ചെയ്യാൻ പോലും മികവാർന്ന ഡോക്ടർമാർ ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്ര സംവിധാനം 50 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഇല്ല എന്നുള്ളതും ഒരു വസ്തുതയാണ്. വലിയ കെട്ടിടം നിർമ്മിച്ചിട്ടും പഞ്ചായത്ത് അധികാരികൾക്ക് 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുവാൻ ഇതുവരെ സാധിക്കാത്തത് തീർത്തും ഗുരുതരമായ അലംഭാവമാണ്.
ഇനി വലിയ അപകടങ്ങൾ ഉണ്ടാകാൻ കാത്തിരിക്കേണ്ടി വരുമോ എന്നതും ആശങ്ക ഉയർത്തുന്നു. മണ്ഡല കാലം ആയിട്ട് പോലും 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുവാനോ കിടത്തി ചികിത്സ ആരംഭിക്കുവാനോ പഞ്ചായത്തു അധികാരികൾക്ക് സാധ്യമായിട്ടില്ല. ഗ്രാമപഞ്ചായത്തിൽ മുറിഞ്ഞകൽ മുതൽ മല്ലങ്കഴ വരെയുള്ള പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകുവാൻ കോന്നിയിലോ പത്തനാപുരത്തോ എത്തിക്കണം എന്നുള്ളതാണ് ഒരു വസ്തുത. പ്രാദേശിക സർക്കാരുകൾ ആയ ഗ്രാമപഞ്ചായത്ത് അധികാരികൾ വിളിക്കുന്ന യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ല. ഈ വിഷയത്തിൽ അടിയന്തിര നിലപാട് സ്വീകരിക്കുകയും അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും തെരുവിളക്കുകൾ പ്രകാശിപ്പിക്കുകയും ഗ്രാമപഞ്ചായത്ത് തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.