ഷിംല: ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ ട്രെക്കിംഗിനിടെ ഒരു യുവതി ഉൾപ്പടെ രണ്ട് പേർ വഴുതി വീണ് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തുനായ മൃതദേഹങ്ങൾക്ക് രണ്ടുദിവസം കാവൽ നിന്നു. പഞ്ചാബിലെ പത്താൻകോട്ട് സ്വദേശി അഭിനന്ദൻ ഗുപ്ത (30), പൂനെ സ്വദേശി പ്രണിത വാല (26) എന്നിവരാണ് മരിച്ചത്. ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണകാരണം. ഇവർക്കൊപ്പമുണ്ടായിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായ രണ്ടുദിവസത്തോളം തുടർച്ചയായി കുരച്ച് ആളുകളുടെ ശ്രദ്ധനേടുകയായിരുന്നു.
5,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബിർ ബില്ലിംഗ് ട്രെക്കിംഗിനും പാരാഗ്ലൈഡിംഗിനും വളരെ പ്രശസ്തമായ സ്ഥലമാണ്. പാരാഗ്ലൈഡിംഗിനും ട്രക്കിംഗിനുമായി കഴിഞ്ഞ നാല് വർഷമായി അഭിനന്ദൻ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് കാൻഗ്ര ജില്ലാ പോലീസ് മേധാവി വീർ ബഹാദൂർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി പൂനെയിൽ നിന്നുമെത്തിയത്.