പത്തനംതിട്ട : മഴക്കാല പൂർവ ശുചീകരണ പരിപാടികളും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുവാൻ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ആരോഗ്യ ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചു. എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. എല്ലാ ഞായറാഴ്ച്ചയും ഡ്രൈ ഡേ ആചരിക്കും. ലൈസൻസ് എടുക്കാത്ത വളർത്തു നായ്ക്കളുടെ ഉടമകൾക്ക് പിഴ ചുമത്തും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മത്സ്യവിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പരിശോധന കർശനമാക്കും.
വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴ ചുമത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. എസ്. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോളി കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.ഡോ.ശുഭ പരമേശ്വരൻ, ഡോ.നിഷ, ഡോ.ദിവ്യ, എം.ആർ അനിൽ കുമാർ, എൻ ബിന്ദു എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, ഗ്രാമ വികസനം, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് സെക്രട്ടറി, സി.ഡി. എസ് വൈസ് ചെയർപേഴ്സൺ, സി. ഡി. എസ് അംഗങ്ങൾ, ആശ പ്രവർത്തകർ, ഏകാരോഗ്യ കമ്മ്യൂണിറ്റി മെന്റർമാർ, ഹരിത സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.