എരുമേലി: ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തി. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കാന്‍ കാരണമെന്ന് ഹോട്ടലുടമ. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടൽ ഉടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു.
റവന്യൂ കണ്ട്രോൾ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. മറ്റ് ഭക്ഷണ സാധനങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തിൽ ഭക്ഷണ സാധനങ്ങൾ നിർമിക്കാനാവില്ലെന്നും പക പോക്കിയതാണ് ഉദ്യോഗസ്ഥരെന്നും ഹോട്ടൽ ഉടമ പറയുന്നു. ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങൾ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച് ഹോട്ടൽ ഉടമ പല തവണ പരാതികൾ നൽകിയിരുന്നു. പരാതികളിൽ കർക്കശ നടപടികൾ റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ലെന്ന് ആരോപിച്ചും പരാതി നൽകിയിരുന്നു. ഇതാണ് പകപോക്കലിന് കാരണമെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്.