തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വോട്ടര്‍മാര്‍ ബൂത്തിലെ ക്യൂവില്‍ ആറ് അടി അകലം പാലിച്ചായിരിക്കണം നില്‍ക്കേണ്ടത്. ബൂത്തിനകത്ത് പരമാവധി മൂന്നു വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ പേന കൈയില്‍ കരുതിയിരിക്കണം. കുട്ടികളെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകരുത്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്ക് മാറ്റി സംസാരിക്കരുത്.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക. വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ഉദ്യോഗസ്ഥരും സാമൂഹിക അകലം പാലിച്ച് നില്‍ക്കണം. കോവിഡ് രോഗികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് ബൂത്തിലെത്തണം.