തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും അധികമായി വേണ്ട സാഹചര്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും. വിരമിച്ചതോ അവധി കഴിഞ്ഞതോ ആയ ഡോക്ടര്‍മാരെ ഇതിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിഎഫ്‌എല്‍ടിസികള്‍, സിഎസ്‌എല്‍ടിസികള്‍, ഡിസിസികള്‍ ഇവ ഇല്ലാത്തിടങ്ങളില്‍ ഉടന്‍ സ്ഥാപിക്കണം. വാര്‍ഡ് തല സമിതികള്‍ ശക്തമാക്കുന്നുണ്ട്. പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 72 പഞ്ചായത്തുകളില്‍ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളില്‍ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്. എറണാകുളത്തെ 19 പഞ്ചായത്തുകളില്‍ ടിപിആര്‍ അന്‍പത് ശതമാനത്തിനും മുകളിലാണ്. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളില്‍ രോഗം കുറയുന്നുണ്ട്.
മെയ് 15 വരെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്‌സിജന്‍ വേസ്റ്റേജ് കുറയ്ക്കാന്‍ തീരുമാനിച്ചു. ചില കേസുകളില്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്‌നിക്കല്‍ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.